National
ഗോഹട്ടി: ആസാമിൽ ട്രെയിൻ ഇടിച്ച് ഏഴ് കാട്ടാനകൾ ചരിഞ്ഞു. നാഗൗണിലാണ് അപകടമുണ്ടായത്. സായ്രംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് ആനകളെ ഇടിച്ചത്.
ആനകളെ ഇടിച്ചതിനെ തുടർന്ന് ട്രെയിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ ട്രെയിനുലുണ്ടായിരുന്നവർക്കാർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് പാതയിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഗോഹട്ടിയിൽ നിന്ന് 126 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം.
Kerala
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
"ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്. മാധ്യമങ്ങൾ സംഭവം വളച്ചൊടിച്ചു. പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ല.'- മന്ത്രി സജി ചെറിയാൻ പറഞ്ഞു
എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്. ഒരു മത സംഘടനകളും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
"യുഡിഎഫ് ന്യൂനപക്ഷ വീടുകളിൽ ഭൂരിപക്ഷ വർഗീയത പറഞ്ഞു. ഭൂരിപക്ഷ വീടുകളിൽ ന്യൂനപക്ഷ വർഗീയത ആയിരുന്നു പ്രചരണം. എൽഡിഎഫ് പറഞ്ഞത് രാഷ്ട്രീയമാണ്. ആലപ്പുഴ ജില്ലയിൽ തിരിച്ചടി ഉണ്ടായിട്ടില്ല.'-സജി ചെറിയാൻ പറഞ്ഞു.
കാര്യമായ തിരിച്ചടി ഉണ്ടായത് കുട്ടനാട്ടിൽ മാത്രമാണെന്നും തിരിച്ചടി പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി, എൽഡിഎഫിലെ അനൈക്യം തിരിച്ചടിയായി. പ്രശ്നം പരിഹരിക്കുമെന്നും ജില്ലയിൽ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസ് റോഡിൽ കീഴമ്മാകത്തിന് സമീപത്തെ ബസ്സ്റ്റോപ്പിൽ നിന്ന് യുവാവ് പിടിയിൽ. വെമ്പായം സ്വദേശി അനന്ദു(27) ആണ് പിടിയിലായത്.
എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായാണ് അനന്ദു പിടിയിലായത്. സ്ഥിരം ലഹരിമരുന്ന് വിൽപ്പനക്കാരനാണ് അനന്ദുവെന്ന് എക്സൈസ് പറയുന്നു.
ബുധനാഴ്ച രാവിലെ ബംളുരുവിൽ നിന്നും മയക്കുമരുന്നുകള് തിരുവനന്തപുരം എയര്പോര്ട്ടില് എത്തിച്ച് വ്യാഴാഴ്ച രാവിലെ പത്തോടെ ലഹരി വസ്തുക്കളുമായി സുഹൃത്തിനെ കാത്ത് കീഴമാകം ബസ് സ്റ്റോപ്പിൽ നില്ക്കുമ്പോഴാണ് അനന്ദു എക്സൈസിന്റെ പിടിയിലാകുന്നത്.
ബംഗളൂരുവിൽ നിന്നു വന്തോതില് മയക്കുമരുന്നുകള് കേരളത്തിലേക്ക് എത്തിച്ച് രഹസ്യമായി സുഹൃത്തുക്കള്ക്കിടയില് വില്പ്പന നടത്തുന്ന സംഘത്തില്പ്പെട്ട ആളാണ് ഇയാളെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇക്കാര്യം എക്സൈസ് പരിശോധിക്കുന്നുണ്ട്.
ഇയാളില് നിന്നും 20,000 രൂപയും പിടികൂടിയിട്ടുണ്ട്. ഇയാൾ മുമ്പും മേജര് ക്വാണ്ടിറ്റിയിലുള്ള നൈട്രോ സെപാം ടാബ്ലറ്റുകളുമായി പോലീസിന്റെ പിടിയിലായട്ടുണ്ട്.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്മ്മിപ്പിച്ചുകൊണ്ടാണ് സതീശൻ പ്രസ്താവന തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാര്ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്ത്തിയാണ് കോണ്ഗ്രസ് കേരളത്തില് നില്ക്കുന്നതെന്നും സതീശൻ പറഞ്ഞു.
ലൈംഗിക ആരോപണ കേസില് ഉള്പ്പെട്ട രണ്ടു പേര് ഇപ്പോഴും മുഖ്യമന്ത്രിയോടൊപ്പമില്ലെയെന്നും ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറിയെന്നും സതീശൻ ചോദിച്ചു.
"ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില് ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന് ആരായിരുന്നു? പാര്ട്ടിയില് ഇപ്പോള് പരാതിക്കാരന്റെ അവസ്ഥ എന്താണ്?.'-സതീശൻ ചോദിച്ചു.
അങ്ങയുടെ പാര്ട്ടി എംഎല്എ സ്ഥാനം ഉള്പ്പെടെ നല്കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്ത്തക മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന് മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചു.
സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. അങ്ങ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്ക്ക് മറുപടി നല്കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള് ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നുവെന്നെന്നും സതീശൻ പറഞ്ഞു.
ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്ഷന്, ദേശീയപാതാ വികസനം, ഗെയില് പൈപ്പ്ലൈന്, കിഫ്ബി, അതിദാരിദ്ര്യ നിര്മ്മാര്ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്, ചൂരല്മല-മുണ്ടക്കൈ ദുരിതാശ്വാസം, കെ-റെയില് എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
Kerala
മലപ്പുറം: കുരുവമ്പലം സ്കൂളിനു മുന്നില് സ്കൂട്ടറില് ടിപ്പര് ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂര് നാഷനല് എല്പി സ്കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്കൂളില് നിന്ന് വിരമിക്കാന് മാസങ്ങള് മാത്രം ബാക്കിനില്ക്കെയാണ് മരണം.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ സ്കൂള് വിട്ട് സ്കൂട്ടിയില് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില് സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന് ടിപ്പര് ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ലോറിയുടെ മുന്ഭാഗം വാഹനത്തില് തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില് നിന്നും നഫീസ ടീച്ചര് ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു.
Kerala
മലപ്പുറം: തിരൂരങ്ങാടിയിൽ കെഎസ്ആര്ടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം. നിരവധി യാത്രക്കാര്ക്ക് അപകടത്തിൽ പരിക്കേറ്റു.
പരിക്കേറ്റവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നിലഗുരുതരമാണ്. സാരമായി പരിക്കേറ്റയാളെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.
തിരൂരങ്ങാടി കൊളപ്പുറത്ത് വെച്ച് ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തിൽ ആയിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
കോഴിക്കോട് നിന്ന് പൊൻകുന്നത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലെ ഡ്രൈവര്ക്കും കണ്ടക്ടര്ക്കുമടക്കം പരിക്കേറ്റിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ജി.സുധാകരനുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. സുധാകരനെ നേരിൽ കാണുമെന്നും ചേര്ത്തുനിര്ത്തുമെന്നും മന്ത്രി പറഞ്ഞു. സുധാകരന് തന്നെയടക്കം വിമര്ശിക്കാനുള്ള അധികാരമുണ്ട്.
ഞങ്ങൾ നന്ദികെട്ടവരല്ല. അദ്ദേഹത്തെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. ഒറ്റകെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന സമയമാണിത്. സുധാകരന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം ചോദിക്കും. ചില കാര്യങ്ങളെല്ലാം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
പാർട്ടിയുടെ നേതൃനിരയിൽ നിന്നുകൊണ്ടുതന്നെ അദ്ദേഹം പ്രവർത്തിക്കും. ജി.സുധാകരൻ പാർട്ടിയിൽ നിന്ന് അകന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്. പ്രതിപക്ഷ പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല. കോൺഗ്രസിന്റെ സാഹിത്യ സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
സാംസ്കാരിക മേഖലയിൽ നല്ല അറിവുള്ള വ്യക്തിയാണ് അദ്ദേഹം. അതിൽ ഒരുതെറ്റും കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരൻ കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടത്തിയ പാർട്ടി പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു.
Kerala
ന്യൂഡൽഹി: കേന്ദ്ര മന്ത്രി നിതിന് ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കൂടിക്കാഴ്ച ഗുണകരമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത 66ല് സംസ്ഥാനത്ത് നിര്മാണം പൂര്ത്തിയാക്കിയ റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയില് നടത്തും.
ഉദ്ഘാടനത്തിന് നിതിന് ഗഡ്കരി കേരളത്തില് എത്തും. ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തതില് കേരളം കൊടുക്കാനുള്ള 237 കോടി കേന്ദ്ര സര്ക്കാര് എഴുതിത്തള്ളും.പാലക്കാട് - കോഴിക്കോട് ഗ്രീന്ഫീല്ഡ് ഹൈവേയുടെ പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കിയെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത 66-മായി ബന്ധപ്പെട്ട് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ സർക്കാരെടുക്കുന്ന പൊതു നിലപാടിനെ കേന്ദ്രമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ദേശീയപാത 66 മായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ പ്രാദേശികമായി ഉണ്ട്.
അത് ഡിപിആർ തയാറാക്കുന്ന സമയത്തുതന്നെ കുറച്ചുകൂടിശ്രദ്ധിക്കേണ്ടതായിരുന്നുവെന്നതാണ് പൊതുനിലപാട്. സംസ്ഥാനസർക്കാരിന്റെ നിലപാട് നേരത്തേ അറിയിച്ചതാണ്. അദ്ദേഹത്തിനും വ്യത്യസ്തമായ അഭിപ്രായമില്ല.
ചിലയിടത്ത് അണ്ടർപാസ് വേണം. സർക്കാർ മുന്നോട്ടുവെച്ച ഇത്തരം കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ടുപോവാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി. എൻഎച്ച് 866 പ്രവൃത്തിയുടെ എല്ലാ തടസങ്ങളും നീക്കാനുള്ള കർക്കശ നിലപാടാണ് കേന്ദ്രമന്ത്രിസ്വീകരിച്ചത്.
എൻഎച്ച് 744 പ്രവൃത്തി ഉദ്ഘാടനത്തിന് തയാറാകാനുള്ള നിർദേശവും നൽകുകയും ഇടമൺ - കൊല്ലം റോഡ് പരിഷ്കരിച്ച ഡിപിആർ ഡിസംബറിൽ സമർപ്പിക്കാനും തീരുമാനിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Kerala
പാലക്കാട്: ലഹരി വിൽപ്പനയ്ക്കായി ഹോട്ടലിൽ മുറിയെടുത്ത യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയില് കലിയാട്ടുപറമ്പില് മര്ജീന ഫാത്തിമ, മണ്ണാര്ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന് മുനീർ, മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്ഐ രാമദാസും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ലഹരി തേടിയാണ് സുഹൃത്ത് മുഖേന യുവതി മണ്ണാർക്കാടെത്തിയത്. ഇവർ അഞ്ചുവർഷമായി ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു.